ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് വിമാനക്കമ്പനികള്‍ കസ്റ്റംസിന് നിര്‍ബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് നിലവില്‍വരും.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സര്‍വീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് നല്‍കേണ്ടത്. പാലിച്ചില്ലെങ്കില്‍ വിമാനക്കമ്പനികള്ക്കുനേരേ ശിക്ഷാനടപടികളുണ്ടാകും. വിമാനയാത്രയുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയുമാണ് ലക്ഷ്യം. ഇന്ത്യയില്‍നിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും ഈമാസം 10-നകം നാഷണല്‍ കസ്റ്റംസ് ടാര്‍ഗറ്റിങ് സെന്റര്‍-പാസഞ്ചര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്ന് നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് നിര്‍ദേശംനല്‍കി.
യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെബ്രുവരി 10 മുതല്‍ നടപ്പാക്കും. പൂര്‍ണതോതില്‍ സജ്ജമാകുക ഏപ്രില്‍ ഒന്നുമുതലാണ്. ജൂണ്‍ ഒന്നുമുതല്‍ ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിലൂടെ ഓപ്പറേറ്റുചെയ്യുന്ന വിമാനസര്‍വീസുകള്‍ക്കും ബാധകമാക്കും.
യാത്രക്കാരുടെ പേര്, പണമടച്ചതിന്റെ വിവരങ്ങള്‍, ടിക്കറ്റ് തീയതി, ഒരേ പി.എന്‍.ആര്. നമ്പറില്‍ യാത്രചെയ്യുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍, ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍, ഇ-മെയില്‍, ട്രാവല്‍ ഏജന്‍സിയുടെ വിവരങ്ങള്‍, ബാഗേജ് വിവരങ്ങള്‍ എന്നിവയാണ് പങ്കുവെക്കേണ്ട വിവരങ്ങള്‍.അതേസമയം വിവരങ്ങള്നല്കുന്നതില് വിമാനക്കമ്പനികള്‍ വീഴ്ചവരുത്തിയാല്‍ പിഴചുമത്തും. ഓരോവീഴ്ചയ്ക്കും 25,000 രൂപമുതല്‍ 50,000 രൂപവരെയാണ് പിഴ.