റെജൈന : സസ്കാച്വാനിലെ കെറ്റിൽ നകോഡ ഫസ്റ്റ് നേഷനിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ കെറ്റിൽ നകോഡ നേഷൻ ക്യാരിയിലുള്ള വീട്ടിലാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് നാല് മൃതദേഹങ്ങൾ കണ്ടെത്തി.

ഈ മരണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കീഗൻ പാനിപെകീസിക്കിനെ (29) തിരയുന്നതായി സസ്കാച്വാൻ ആർസിഎംപി അറിയിച്ചു. അഞ്ച് അടി, പത്ത് ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള കീഗൻ പാനിപെകീസിക്കി വലതുകൈയുടെ മുകളിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുമ്പ് സാകിമെയ് ഫസ്റ്റ് നേഷൻ എന്നറിയപ്പെട്ടിരുന്ന സാഗിം അനിഷിനാബെക്കിൽ ജനങ്ങൾക്ക് നേരെ കീഗൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. പാനിപെക്കീസിക്കിനെ കണ്ടെത്തുന്നവർ അദ്ദേഹത്തെ സമീപിക്കരുതെന്നും ഉടൻ തന്നെ 911-ൽ വിളിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കെറ്റിൽ നക്കോഡ നേഷൻ, സാഗിം അനിഷിനാബെക്ക് എന്നിവിടങ്ങളിൽ അന്വേഷണം തുടരുകയാണ്.