ടൊറൻ്റോ : ന്യൂമാർക്കറ്റിലെ രണ്ട് സ്ഥലങ്ങളിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത്. ന്യൂമാർക്കറ്റിലെ ഒരു ഹോട്ടലിലും മാഗ്‌ന സെൻ്ററിലുമാണ് അണുബാധ സ്ഥിരീകരിച്ചതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും ശനിയാഴ്ച രാവിലെ പതിനൊന്നരയ്ക്കും ഇടയിൽ 17565 യങ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബെസ്റ്റ് വെസ്റ്റേൺ വോയേജർ പ്ലേസ് ഹോട്ടൽ സന്ദർശിച്ചവർക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ വെള്ളിയാഴ്ച രാവിലെ പതിനൊന്നര മുതൽ ഉച്ചകഴിഞ്ഞ് മൂന്നര വരെ 800 മുലോക്ക് ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന മാഗ്ന സെൻ്ററിലെത്തിയവർക്കും വൈറസ് ബാധയുണ്ടായിരിക്കാം. 6 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യത കൂടുതലെന്ന് യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഗ്രാൻഡ് എറി ഹെൽത്ത് യൂണിറ്റിൽ പടർന്നു പിടിച്ച അണുബാധയുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസുകളെന്നും ഏജൻസി അറിയിച്ചു.