ഇസമായിലി ഷിയാ മുസ്ലീമുകളുടെ ആഗോള നേതാവ് കരിം അല്‍ ഹുസൈനി ആഗാ ഖാന്‍ നാലാമന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഷിയാ ഇസ്മായിലി മുസ്ലീങ്ങളുടെ 49-ാമത് നേതാവാണ് കരിം അല്‍-ഹുസൈനി ആഗാ ഖാന്‍. ആഗാ ഖാന്‍ ഫൗണ്ടേഷനാണ് അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചത്.
പ്രിൻസ് കരീം ആഗാ ഖാൻ എന്നായിരുന്നു ആഗാ ഖാൻ അറിയപ്പെട്ടിരുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ സമാധാനത്തോടെയുള്ള മരണം എന്നാണ് ആഗാ ഖാൻ ഫൌണ്ടേഷനും ഇസ്മാഈലി നേതൃത്വവും വിശദമാക്കുന്നത്.മൂന്ന് പുത്രൻമാരും ഒരു മകളുമാണ് ആഗ ഖാനുള്ളത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആഗാ ഖാന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. തന്റെ വളരെ നല്ല സുഹൃത്തും അസാധാരണ അനുകമ്പയുളള ഒരു ആഗോള നേതാവുമായിരുന്ന ആഗാ ഖാന്‍ എന്ന് ട്രൂഡോ പറഞ്ഞു.
1957ല്‍ ആണ് ആഗാ ഖാന്‍ നാലാമന്‍ ഇമാമായി സ്ഥാനമേല്‍ക്കുന്നത്.ഹാവാർഡ് സർവ്വകലാശാലയിൽ പഠിക്കുന്നതിനിടെ 20ാം വയസിലാണ് ആഗ ഖാൻ വിശ്വാസി സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആഗോള വികസനത്തിനായുള്ള ശ്രമങ്ങളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് ആഗാ ഖാന്‍. കൂടാതെ ലോകമെമ്പാടുമുള്ള ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, രോഗങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്കിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. ആഗാ ഖാന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
ബഹാമാസിൽ സ്വകാര്യ ദ്വീപും സൂപ്പർ യാച്ചും പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ള ആഗ ഖാൻ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. 2008ലെ ഫോബ്സ് മാഗസിൻ കണക്കുകൾ അനുസരിച്ച് 801 മില്യൺ യൂറോ(ഏകദേശം87,29,28,19,800 രൂപ)യാണ് ആഗാ ഖാന്റെ സ്വത്ത്.