ഇകാലുവിറ്റ് : ഇൻയൂട്ട് കുട്ടികൾക്കായുള്ള ധനസഹായ പ്രോഗ്രാം ഫെഡറൽ സർക്കാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് നൂനവൂട്ട് എംപി ലോറി ഇഡ്‌ലൗട്ട്. ഇൻയൂട്ട് കുട്ടികൾക്ക് അവരുടെ കമ്മ്യൂണിറ്റികളിൽ നിന്ന് തന്നെ ആരോഗ്യ, സാമൂഹിക സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനായി 2019-ലാണ് ഇൻയൂട്ട് ചൈൽഡ് ഫസ്റ്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. ഫെഡറൽ സർക്കാർ തുടക്കത്തിൽ 22 കോടി ഡോളറാണ് പ്രോഗ്രാമിനായി നൽകിയത്. പിന്നീട് ഈ പ്രോഗ്രാമിലൂടെ രണ്ട് വർഷത്തേക്കായി 16 കോടി 75 ലക്ഷം ഡോളർ കൂടി നൽകിയിരുന്നു.

അതേസമയം മാർച്ച് അവസാനത്തോടെ പ്രോഗ്രാം അവസാനിക്കും. നൂനവൂട്ടിലെ പതിമൂവായിരത്തിലധികം കുട്ടികൾ ഈ പ്രോഗ്രാമിൽ ചേർന്നതായി ഇഡ്‌ലൗട്ട് പറഞ്ഞു. ഈ പ്രോഗ്രമിലൂടെ ഭക്ഷണം വാങ്ങാൻ സഹായിക്കുന്നതിന് ഒരു കുട്ടിക്ക് 500 ഡോളർ നൽകുന്നു. കൂടാതെ നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 250 ഡോളറും നൽകുന്നു. നിരവധി പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഈ പ്രോഗ്രാം സഹായിച്ചതായും പെട്ടെന്ന് ഇത് നിർത്തലാക്കുന്നത് വളരെ ദോഷകരമാണെന്നും ലോറി ഇഡ്‌ലൗട്ട് പറഞ്ഞു. കൂടാതെ സർക്കാർ കുറഞ്ഞത് ഒരു വർഷത്തേക്ക് കൂടി പ്രോഗ്രാം നീട്ടണമെന്നും എം പി അഭ്യർത്ഥിച്ചു.