മൺട്രിയോൾ : തുടർച്ചയായി നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ വലഞ്ഞ് മക്ഗിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. സർവകലാശാല കാമ്പസിൽ രണ്ടുദിവസമായി നടക്കുന്ന പ്രകടനങ്ങൾ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു. പ്രതിഷേധക്കാർ കാമ്പസിലെ രണ്ടു കെട്ടിടങ്ങളിൽ പെയിൻ്റ് അടിച്ച് വികൃതമാക്കിയിട്ടുണ്ട്. മക്ഗില്ലിലെ ചുവരുകളിൽ ചുവരെഴുത്തുകളും സ്മോക്ക് ബോംബുകളും ഉപയോഗിച്ചതായി മൺട്രിയോൾ പൊലീസ് ആരോപിക്കുന്നു.

കോൺകോർഡിയ സർവകലാശാലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മക്ഗിൽ സർവ്വകലാശാലയിൽ അവസാനിച്ചു. രണ്ടു സർവകലാശാലകളും ഇസ്രയേൽ സ്ഥാപനങ്ങളെ ബഹിഷ്കരിക്കാനും അതിൽ നിന്ന് പിന്മാറാനും സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ കാമ്പസിലെ അവസ്ഥ ഭീതിയുളവാക്കുന്നതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതിഷേധക്കാരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവരുടെ കാമ്പസ് നശിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളെ അനുകൂലിക്കുന്നില്ലെന്നും വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. കുറെ മാസങ്ങളായി കാമ്പസുകളിൽ പലസ്‌തീനിയൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.