ഓട്ടവ : പുതുവർഷത്തിൽ രാജ്യതലസ്ഥാനത്ത് വീടുകളുടെ വിൽപ്പനയിൽ ഇടിവ് നേരിട്ടതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. 2024 ജനുവരിയിൽ നിന്ന് 4.2 ശതമാനവും അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 13 ശതമാനവും കുറഞ്ഞ് ഈ ജനുവരിയിൽ 617 വീടുകളും കോണ്ടോമിനിയങ്ങളുമാണ് വിറ്റതെന്ന് ബോർഡ് പറയുന്നു. അതേസമയം 2025 ജനുവരിയിൽ വിറ്റ വീടുകളുടെ ശരാശരി വില 670,258 ഡോളറായിരുന്നു. ഇത് മുൻവർഷത്തേക്കാൾ 5.8% ഉയർന്നു. എന്നാൽ, കൂടുതൽ വിൽപ്പനക്കാർ വിപണിയിൽ പ്രവേശിച്ചതോടെ ജനുവരിൽ വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ബോർഡ് റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ 1,359 പുതിയ റെസിഡൻഷ്യൽ ലിസ്റ്റിങ്ങുകൾ ഉണ്ടായതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് പറയുന്നു. ഇത് 2024 ജനുവരിയിൽ നിന്ന് മൂന്ന് ശതമാനവും അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 14 ശതമാനവും വർധനയാണ് ഉണ്ടായിട്ടുള്ളത്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 5.2% വർധിച്ച് ഓട്ടവയിലെ ഒരു വീടിൻ്റെ ശരാശരി വില ജനുവരിയിൽ 649,900 ഡോളറായി.അതേസമയം സിംഗിൾ ഫാമിലി ഹോമിൻ്റെ ശരാശരി വില 2024 ജനുവരിയിൽ നിന്ന് 2.3% ഉയർന്ന് 713,000 ഡോളറുമായി.