വിനിപെഗ് : വാരാന്ത്യത്തിൽ തെക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ നിവാസികൾ അതിശൈത്യകാലാവസ്ഥയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നൽകി. തണുത്ത കാറ്റിനൊപ്പം കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ മിക്ക പ്രദേശങ്ങളിലും അതിശീത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രാൻഡൻ, ഡൗഫിൻ, റോബ്ലിൻ, റൈഡിങ് മൗണ്ടൻ നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

ശനിയാഴ്ച രാവിലെയും രാത്രിയും താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. എന്നാൽ, മണിക്കൂറിൽ 15 കി.മീ വരെ വേഗത്തിൽ വീശുന്ന കാറ്റുമായി കൂടിച്ചേരുമ്പോൾ തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസിനടുത്തായി അനുഭവപ്പെടും. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കണം, കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
