ഓട്ടവ : പരുക്കേൽക്കാൻ സാധ്യത ഉള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച സ്നോബ്ലോവറുകൾ തിരിച്ചു വിളിച്ചു. ചില യുഎസ് നിർമ്മിത ഏരിയൻസ് ഡീലക്സ്, പ്ലാറ്റിനം, പ്രൊഫഷണൽ സീരീസ് സ്നോ ബ്ലോവറുകളാണ് തിരിച്ചു വിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. തിളക്കമുള്ള ഓറഞ്ച് നിറത്തിലുള്ള അവയ്ക്ക് പിൻ ചക്രങ്ങളോ ട്രാക്കുകളോ ഉണ്ട്. കാനഡയിൽ 108 സ്നോബ്ലോവറുകളും കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ യുഎസിൽ 6,264 സ്നോബ്ലോവറുകളും വിറ്റഴിച്ചതായും ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു.

ഉപയോക്താക്കൾ ഇവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും സൗജന്യമായി റിപ്പയർ ചെയ്യുന്നതിനായി കമ്പനിയെയോ അംഗീകൃത ഡീലറെയോ ബന്ധപ്പെടണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ചില ബ്ലോവറുകൾ ഇതിനകം പരിശോധിച്ച് നന്നാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച വരെ, സ്നോബ്ലോവറുകളുമായി ബന്ധപ്പെട്ട് കാനഡയിൽ പരുക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.