ടൊറൻ്റോ : പാർട്ടി ഭരണത്തിലെത്തിയാൽ പ്രവിശ്യയിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുമെന്ന് ഒൻ്റാരിയോ എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ്. ഇതിന്‍റെ ഭാഗമായി പ്രവിശ്യയിൽ മൂന്ന് വർഷത്തിനുള്ളിൽ 15,000 നഴ്സുമാരെ നിയമിക്കുമെന്നും മാരിറ്റ് സ്റ്റൈൽസ് പ്രഖ്യാപിച്ചു. ഇതിനായി 150 കോടി ഡോളർ ചെലവഴിക്കും. ഒൻ്റാരിയോ നഴ്സസ് അസോസിയേഷൻ പ്രസിഡൻ്റിനൊപ്പം ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു മാരിറ്റ് സ്റ്റൈൽസ്. താൽകാലിക ഹെൽത്ത് കെയർ സ്റ്റാഫിങ് ഏജൻസികൾക്ക് നൽകുന്ന ലക്ഷക്കണക്കിന് ഡോളർ പൊതു സംവിധാനത്തിലേക്ക് വകമാറ്റുമെന്നും അവർ പറഞ്ഞു.

ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബിയും ടൊറൻ്റോയിൽ ആരോഗ്യ സംരക്ഷണ പ്രഖ്യാപനത്തോടെ ആയിരിക്കും പ്രചാരണം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് നഗരത്തിലെ വ്യാപാര സ്ഥാപന ഉടമകളെയും ബോണി ക്രോംബി സന്ദർശിക്കും. അതേസമയം, പ്രോഗ്രസീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡ് ഓക്ക്‌വില്ലിൽ ഇന്‍റർനാഷണൽ യൂണിയൻ ഓഫ് ഓപ്പറേറ്റിംഗ് എഞ്ചിനീയേഴ്‌സിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.