ഓട്ടവ : ലിബറല്‍ നേതൃത്വ മത്സരത്തില്‍ മാര്‍ക്ക് കാര്‍ണി വിജയിച്ചാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി കണ്‍സര്‍വേറ്റീവുകള്‍ ആസ്വദിച്ചുവരുന്ന വന്‍ ലീഡ് അദ്ദേഹം ഇല്ലാതാക്കുമെന്ന് സര്‍വേ ഫലം.കാര്‍ണി നയിക്കുന്ന ലിബറല്‍ പാര്‍ട്ടിയുടെ ജനപിന്തുണ ആറ് ശതമാനം മുതല്‍ 37% വരെ വര്‍ധിക്കുമെന്ന് ലെഗര്‍ സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം ലിബറലുകള്‍ക്ക് നിലവില്‍ 31% പിന്തുണ ലഭിക്കുന്നുണ്ടെന്നും കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇപ്പോഴും 40% പിന്തുണയുമായി മുന്നേറ്റം തുടരുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ന്യൂ ഡെമോക്രാറ്റുകള്‍ 14 ശതമാനവുമായി വളരെ പിന്നിലാണെന്നും പോള്‍ പറയുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയും കാനഡ യുഎസ് സംസ്ഥാനമായി മാറണമെന്ന ആഹ്വാനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് ശേഷം, ജനുവരി 26 മുതല്‍ ലിബറല്‍ പാര്‍ട്ടിക്ക് ജനപിന്തുണയില്‍ ആറ് പോയിന്റ് വര്‍ധന രേഖപ്പെടുത്തിയതായി ലെഗര്‍ സര്‍വേ പറയുന്നു. എന്നാല്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ലിബറല്‍ നേതൃത്വത്തില്‍ എത്തിയാല്‍ പാര്‍ട്ടിക്കുള്ള പിന്തുണ മൂന്ന് പോയിന്റ് കുറഞ്ഞ് 28 ശതമാനമാകുമെന്നും കണ്‍സര്‍വേറ്റീവുകള്‍ക്ക് 39 ശതമാനമാകുമെന്നും പോള്‍ സൂചിപ്പിക്കുന്നു.
ഫെബ്രുവരി 7 നും ഫെബ്രുവരി 10 നും ഇടയില്‍ 1,500 ല്‍ അധികം പേരില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.