വിക്ടോറിയ : പണപ്പെരുപ്പത്തിന് അനുസൃതമായി പ്രവിശ്യയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് വേതന വർധന ഉടൻ ലഭിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ജൂൺ ഒന്ന് മുതൽ പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 17.40 ഡോളറിൽ നിന്ന് 17.85 ഡോളറായി ഉയരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വാർഷിക വേതന വർധന നിർബന്ധമാക്കിയ എംപ്ലോയ്‌മെൻ്റ് സ്റ്റാൻഡേർഡ് നിയമത്തിൽ കഴിഞ്ഞ വസന്തകാലത്ത് വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് മിനിമം വേതനം 2.6% ഉയരുന്നത്.

ഗ്രോസറി ഉൽപ്പന്നങ്ങൾ, വാടക, പെട്രോൾ-ഡീസൽ തുടങ്ങിയവ അടക്കം ജീവിതച്ചെലവുകൾ കുതിച്ചുയരുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മിനിമം വേതന തൊഴിലാളികളെ ആയതിനാലാണ് വേതന വർധന നടപ്പിലാക്കുന്നതെന്ന് പ്രവിശ്യാ തൊഴിൽ മന്ത്രി ജെന്നിഫർ വൈറ്റ്സൈഡ് പറയുന്നു.
