ലണ്ടൻ ഒൻ്റാരിയോ : വാരാന്ത്യത്തിൽ ലണ്ടൻ ഒൻ്റാരിയോയിൽ ഏഴു വയസ്സുള്ള കുട്ടിക്ക് വീടിനുള്ളിൽ വെച്ച് വെടിയേറ്റു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ബ്ലാഞ്ചാർഡ് റോഡിലെ ബ്ലാഞ്ചാർഡ് ക്രസൻ്റിലുള്ള വീട്ടിലാണ് സംഭവം. കേസിൽ 44 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. കുട്ടിയെ തിരിച്ചറിയാൻ കഴിയുമെന്നതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഏഴുവയസ്സുകാരനെ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കുട്ടി സുഖം പ്രാപിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ വീടിനുള്ളിൽ വെടിവെപ്പ് നടന്നതിൻ്റെ തെളിവുകൾ കണ്ടെത്തി. പ്രതിക്കെതിരെ നിയമവിരുദ്ധമായി തോക്കുകളും വെടിക്കോപ്പുകളും കൈവശം വയ്ക്കൽ, തോക്ക്, ആയുധം, വെടിമരുന്ന് എന്നിവ അശ്രദ്ധമായി സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൈത്തോക്ക്, ഷോട്ട്ഗൺ, സ്റ്റാർട്ടർ പിസ്റ്റൾ, നിരവധി ഷോട്ട്ഗൺ ഷെല്ലുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.