ഓട്ടവ : വാർഷിക പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്ക്കൽ താൽക്കാലികമായി നിർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഡിസംബറിലെ 1.8 ശതമാനത്തിൽ നിന്നും ജനുവരിയിൽ പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഫെഡറൽ നികുതി ഇളവ് ഇല്ലായിരുന്നെങ്കിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ഡിസംബറിലെ 2.3 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയരുമായിരുന്നുവെന്ന് ഫെഡറൽ ഏജൻസി പറയുന്നു.

തുടർച്ചയായ ആറാം തവണയും വെട്ടിക്കുറച്ച് സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് നിരക്ക് ജനുവരിയിൽ മൂന്ന് ശതമാനമാക്കിയിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിനൊപ്പം അമേരിക്കയിൽ നിന്നുള്ള താരിഫുകളുടെ ഭീഷണിയും നിലനിൽക്കുന്നതിനാൽ ബാങ്ക് ഓഫ് കാനഡ മാർച്ച് 12 പലിശനിരക്ക് മൂന്ന് ശതമാനമായി നിലനിർത്തിയേക്കുമെന്ന് ബിഎംഒ ചീഫ് ഇക്കണോമിസ്റ്റ് ഡഗ് പോർട്ടർ പറയുന്നു. കഴിഞ്ഞ മാസം നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി ബാങ്ക് ഓഫ് കാനഡ താരിഫുകളുടെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താരിഫ് ഭീഷണി പോലും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ചിൽ വീണ്ടും യോഗം ചേരുമ്പോൾ സെൻട്രൽ ബാങ്ക് നിരക്കുകൾ സ്ഥിരമായി നിലനിർത്തുമെന്ന് ഡെസ്ജാർഡിൻസ് മാനേജിംഗ് ഡയറക്ടറും മാക്രോ സ്ട്രാറ്റജി മേധാവിയുമായ റോയ്‌സ് മെൻഡസ് പറഞ്ഞു.