ഓട്ടവ : അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തിരുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. എന്നാൽ, കാനഡയിലുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധിക്കും ജനസംഖ്യാ വർധനയ്ക്കും ഉയർന്ന ജീവിതച്ചെലവിനും പരിഹാരമായി അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചതോടെ കാനഡയിലേക്കുള്ള അഭയാർത്ഥി അപേക്ഷകൾ കുറഞ്ഞതായി ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് ഡാറ്റ സൂചിപ്പിക്കുന്നു. 2023 ജൂലൈയിൽ 19,821 ആയിരുന്ന അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം 2025 ജനുവരിയിൽ ഏകദേശം 11,840 പേർ മാത്രമായി കുറഞ്ഞു. ഇത് 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്കാണ്.

കഴിഞ്ഞ വർഷം കാനഡ 15 ലക്ഷം സന്ദർശക വീസകളാണ് അനുവദിച്ചത്. ഇത് 2023-ലെ 18 ലക്ഷത്തിൽ നിന്ന് കുറഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അഭയം തേടുന്നവരുടെ പ്രധാന സ്രോതസ്സായ ചില രാജ്യങ്ങളിൽ ഈ ഇടിവ് പ്രത്യേകിച്ചും വ്യക്തമാണ്. ബംഗ്ലാദേശി പൗരന്മാർക്ക് അനുവദിച്ച സന്ദർശക വീസകളുടെ എണ്ണം 45,322-ൽ നിന്ന് 27,975 ആയി കുറഞ്ഞു. ഹെയ്തി പൗരന്മാരുടെ അപേക്ഷകൾ 8,984-ൽ നിന്നും 5,487 ആയും നൈജീരിയൻ പൗരന്മാരുടെ അഭയാർത്ഥി അപേക്ഷകളുടെ എണ്ണം 79,378-ൽ നിന്നും 51,828 ആയും കുറഞ്ഞിട്ടുണ്ട്. അതേസമയം തീർപ്പാക്കാത്ത അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം ഇപ്പോഴും ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലാണ് – ജനുവരിയിൽ 278,457 ആണ് അഭയാര്‍ത്ഥി അപേക്ഷകളുടെ ബാക്ക് ലോഗ് എന്ന് ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
