മൺട്രിയോൾ : വീടിനു മുകളിൽ അടിഞ്ഞുകൂടിയ മഞ്ഞുപാളി അടർന്നു വീണ് 13 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മൺട്രിയോൾ സൗത്ത് ഷോറിലെ ചാറ്റ്യൂഗ്വേയിലാണ് സംഭവം. വ്യാഴാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ മൺട്രിയോൾ മേഖലയിൽ 70 സെൻ്റീമീറ്ററോളം മഞ്ഞ് വീണിരുന്നു.

അടർന്നു വീണ മഞ്ഞുപാളിക്കടിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മഞ്ഞുപാളിക്കടിയിൽ പെൺകുട്ടി കുടുങ്ങിയതായി ചാറ്റ്യൂഗ്വേ മേയർ എറിക് അലാർഡ് അറിയിച്ചു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.