ഓട്ടവ : സാൽമൊണല്ല അണുബാധയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച പാം ബൈറ്റ്സ് ബ്രാൻഡ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഒൻ്റാരിയോയിലും ഓൺലൈനിലുമായി വിറ്റ ചോക്ലറ്റുകൾ ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു.

സിഎഫ്ഐഎ നടത്തിയ പരിശോധനയാണ് തിരിച്ചുവിളിക്കാൻ കാരണമായതെന്നും ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സാൽമൊണല്ല ബാക്റ്റീരിയ കലർന്ന ഭക്ഷണം കേടായതായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമായേക്കാം, ഏജൻസി മുന്നറിയിപ്പ് നൽകി. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് സാൽമൊണല്ല അണുബാധയുടെ ലക്ഷണങ്ങൾ.