വാഷിംഗ്ടൺ : നാറ്റോ ഉച്ചകോടിക്ക് മുന്നേ എല്ലാ അംഗങ്ങളും പ്രതിരോധ ചെലവ് ലക്ഷ്യം കൈവരിക്കണമെന്ന് യുഎസ്. നാറ്റോ നേതാക്കൾ ജൂൺ 24-ന് നെതർലാൻഡിലെ ഹേഗിൽ മൂന്ന് ദിവസത്തെ സഖ്യത്തിൻ്റെ വാർഷിക ഉച്ചകോടിക്കായി ഒത്തുചേരും. ജൂണിന് മുന്നേ നാറ്റോ അംഗ രാജ്യങ്ങൾ അവരുടെ ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് പറഞ്ഞു. നാറ്റോ സഖ്യകക്ഷികളിൽ മൂന്നിലൊന്ന് ജൂണിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത് അവരുടെ പ്രതിരോധ ചെലവ് ലക്ഷ്യം കൈവരിക്കാതെയാണെന്നും മൈക്ക് വാൾട്സ് പറയുന്നു. ഇത് അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2032-ഓടെ ജിഡിപിയുടെ 2% പ്രതിരോധത്തിനായി ചെലവഴിക്കാൻ പദ്ധതിയിടുന്ന കാനഡ പോലുള്ള സഖ്യകക്ഷികളുടെ മേൽ ഈ ആവശ്യം കൂടുതൽ സമ്മർദ്ദം വർധിപ്പിക്കും. മറ്റ് നാറ്റോ അംഗങ്ങളെ അപേക്ഷിച്ച് പ്രതിരോധത്തിനായി വേണ്ടത്ര പണം ചെലവഴിക്കാത്തതിന് ട്രൂഡോ സർക്കാർ യുഎസ് നിയമനിർമ്മാതാക്കളിൽ നിന്നും വിമർശനം നേരിട്ടിരുന്നു. 2014-ൽ ആദ്യം അംഗീകരിച്ച രണ്ട് ശതമാനം ലക്ഷ്യം കൈവരിക്കാത്ത 32 നാറ്റോ അംഗങ്ങളിൽ കാനഡയും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം കാനഡ ജിഡിപിയുടെ ഏകദേശം 1.3 ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചു.

അതേസമയം, നാറ്റോ രാജ്യങ്ങൾ 2% പ്രതിരോധ ചെലവ് ലക്ഷ്യം കൈവരിക്കാത്തതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു. സഖ്യകക്ഷികൾ തങ്ങളുടെ പ്രതിരോധത്തിൽ കൂടുതൽ സംഭാവന നൽകേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 2028-ൽ ലക്ഷ്യം ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്തണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.