ഓട്ടവ : ടെലികോം വ്യവസായത്തിലെ പ്രതിസന്ധിയും കടബാധ്യതയും കാരണം നിരവധി കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിട്ട് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ്. ഒന്നിലധികം പ്രവിശ്യകളിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നത് ടൊറൻ്റോ ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റല്‍ ടൂളുകളിലും സെല്‍ഫ് സെര്‍വ് ഓപ്ഷനുകളിലും നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പിരിച്ചുവിടൽ.

ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, ആൽബർട്ട, മാനിറ്റോബ എന്നിവിടങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇതിൽ ചില മുൻ ഷാ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാഫും ഉൾപ്പെടുന്നു. ഓണ്‍ലൈന്‍ ചാറ്റ് സപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം എന്നീ വിഭാഗങ്ങളില്‍ പ്രവർത്തിച്ചിരുന്നവർക്കാണ് ജോലി നഷ്ടപ്പെട്ടത്. അതേസമയം റോജേഴ്‌സ് മാത്രമല്ല ജീവനക്കാരെ കുറയ്ക്കാൻ ലക്ഷ്യമിടുന്ന ടെലികോം കമ്പനി. അടുത്തിടെ, BCE, Telus എന്നിവ രാജ്യത്തുടനീളമുള്ള യഥാക്രമം 1,200, 700 യൂണിയൻ ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.