ടൊറൻ്റോ : പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ഓഷവയിലെ ലിബറൽ സ്ഥാനാർത്ഥി വിരേഷ് ബൻസാലിനെ പുറത്താക്കി ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി. പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ഹർദീപ് സിങ് നിജ്ജാർ കൊലപാതകവുമായും ബന്ധപ്പെട്ട വിരേഷ് ബൻസാലിന്‍റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതോടെ നിരവധി ലിബറൽ സ്ഥാനാർത്ഥികൾ അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെട്ടിരുന്നു. മിസ്സിസാഗ-മാൾട്ടണിലെ ലിബറൽ സ്ഥാനാർത്ഥി ജവാദ് ഹാറൂൺ, ബ്രാംപ്ടൺ ഈസ്റ്റിലെ ലിബറൽ സ്ഥാനാർത്ഥി വിക്കി ധില്ലൻ എന്നിവർ വിരേഷ് ബൻസാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2023 ജൂൺ 18-ന് നടന്ന ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകവുമായും ട്രൂഡോയ്‌ക്കെതിരായ സ്വവർഗാനുരാഗപരമായ അധിക്ഷേപവുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. 2023-ലാണ് വിരേഷ് ബൻസാൽ പോസ്റ്റ് പങ്കുവെച്ചത്. “ചവറ്റുകുട്ടകൾ വൃത്തിയാക്കിയതിന് നിങ്ങൾക്ക് ഇന്ത്യയോട് നന്ദി പറയാം. നിങ്ങളുടെ സ്വവർഗ്ഗാനുരാഗിയായ സുഹൃത്ത് @JustinTrudeau നോട് ഇത് ചെയ്യാൻ ആവശ്യപ്പെടുക,” ബൻസാൽ 2023 സോഷ്യൽ മീഡിയയിൽ എഴുതി. പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ വിരേഷ് ബൻസാലിനെതിരെ രംഗത്ത് എത്തിയിരുന്നു.