മൺട്രിയോൾ : ശൈത്യകാല കാലാവസ്ഥയെ തുടർന്ന് നിരവധി തവണ സർവീസ് തടസ്സപ്പെട്ടതിനാൽ തിങ്കളാഴ്ച മുതൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മൺട്രിയോൾ റീസോ എക്സ്പ്രസ് മെട്രോപൊളിറ്റൻ (REM) ലൈറ്റ് റെയിൽ. കൂടാതെ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ, ഫെബ്രുവരി 24 മുതൽ 28 വരെ സർവീസ് സമയക്രമത്തിലും മാറ്റം വരുത്തിയതായി REM അറിയിച്ചു. രാവിലെ 5:30 നും 10 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും രാത്രി 8 മണിക്കും ഇടയിൽ മാത്രമേ ട്രെയിനുകൾ ഓടുകയുള്ളൂ. യാത്രക്കാരെ സഹായിക്കാനായി എല്ലാ ദിവസവും പ്രത്യേക ഷട്ടിൽ ബസുകൾ ലഭ്യമാക്കും. ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനം നൽകുന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് REM വക്താവ് അറിയിച്ചു. സേവന നിലവാരം ഉറപ്പുവരുത്തുന്നതിന് ആഴ്ചതോറും പരിശോധനകൾ നടത്തും.

ഗതാഗത തടസ്സത്തെ തുടർന്ന് പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും ഗതാഗത മന്ത്രി ജെനിവീവ് ഗിൽബോൾട്ട് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. കൂടാതെ ബാക്കപ്പ് പ്ലാനുകൾ ഉണ്ടാകണമെന്നും സിഡിപിക്യു ഇൻഫ്രാ, Autorité regionale de transport metropolitain (ARTM), REM എന്നിവരോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. അതേസമയം സ്നോ ക്ലിയറൻസ്, സ്വിച്ച് ഡി-ഐസിങ്, വിൻ്റർ ബ്രേക്കുകൾ എന്നിവയിൽ പ്രശ്‌നങ്ങളുണ്ടെന്ന് REM പറയുന്നു.