ടൊറൻ്റോ : പ്രവിശ്യ തിരഞ്ഞെടുപ്പിൽ യോഗ്യരായ ഒൻ്റാരിയോ വോട്ടർമാരിൽ ഏകദേശം ആറ് ശതമാനം പേർ മൂന്ന് ദിവസത്തെ മുൻകൂർ വോട്ടിങ്ങിൽ വോട്ട് ചെയ്തതായി ഇലക്ഷൻസ് ഒൻ്റാരിയോ. വ്യാഴം മുതൽ ശനി വരെ നടന്ന മുൻകൂർ വോട്ടിങ്ങിൽ 678,789 വോട്ടർമാർ വോട്ട് ചെയ്തതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ൽ നടന്ന അവസാന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ, 1,066,545 വോട്ടർമാർ (9.92 ശതമാനം) തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പായി അവരുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. അതിനർത്ഥം ഈ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ശതമാനം മൂന്നിലൊന്നിൽ കൂടുതൽ കുറഞ്ഞു. എന്നാൽ, മുൻ തിരഞ്ഞെടുപ്പിൽ പത്ത് ദിവസമായിരുന്നു മുൻകൂർ വോട്ടിങ്. ഇത്തവണ വെറും മൂന്ന് ദിവസം മാത്രമായിരുന്നു വോട്ടിങ്. 2018-ലെ തിരഞ്ഞെടുപ്പിൽ, അഞ്ച് ദിവസങ്ങളിലായി 698,609 വോട്ടർമാർ അഡ്വാൻസ് വോട്ടിങ് രേഖപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ദിവസം ഫെബ്രുവരി 27-ന്, രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വോട്ടിങ്. അതേസമയം ഫെബ്രുവരി 26 വരെ വോട്ടർമാർക്ക് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസുകളിൽ പോയി നേരത്തെ വോട്ടു ചെയ്യാം. മെയിൽ-ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറു മണിക്കകം ലഭിക്കണമെന്ന് ഇലക്ഷൻസ് ഒൻ്റാരിയോ അറിയിച്ചു.