പ്രയാഗ്രാജ്: വന്‍ ഭക്തസാന്നിധ്യം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം. ശിവരാത്രി ദിവസമായതിനാല്‍ അവസാന അമൃത് സ്‌നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ പ്രയാഗ്രാജിലേക്ക് എത്തുന്നു. പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.
ഇന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ ത്രിവേണീ സംഗമത്തില്‍ സ്‌നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന അമൃത് സ്‌നാനത്തില്‍ പങ്കെടുക്കുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകള്‍ അറിയിച്ചു. മഹാശിവരാത്രി ദിവസമായ ഇന്ന് പുണ്യസ്‌നാനം ചെയ്യാനായി എത്തിയ എല്ലാവരെയും മഹാദേവന്‍ അനുഗ്രഹിക്കട്ടെയെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ അഞ്ച് അമൃത് സ്‌നാനങ്ങളില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് സ്‌നാനം നടത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മാത്രം 1.33 കോടി ഭക്തരാണ് പുണ്യസ്‌നാനം ചെയ്തത്. ഇതോടെ കുംഭമേളയില്‍ പങ്കെടുത്തവരുടെ എണ്ണം 65 കോടി കടന്നു. രാത്രിയും പകലും തിരക്ക് തുടരുന്നതിനാല്‍ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനുകള്‍, റോഡുകള്‍, നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന ഉറപ്പാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ്, അര്‍ദ്ധസൈനിക സേനകള്‍, ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.