റോം: വിവാഹിതരായ പുരുഷന്മാർക്കും കത്തോലിക്കാ സഭയിൽ പുരോഹിതരാകാൻ അനുമതി നൽകുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സഭയുടെ നിലവിലുള്ള നിലപാടിൽ ഉടൻ മാറ്റമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നൽകി.
തെക്കേ അമേരിക്കൻ പര്യടനം പൂർത്തിയാക്കി റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. വിവാഹിതരായ പുരുഷന്മാരെ പുരോഹിതരായി നിയമിക്കുന്നത് സഭയ്ക്കുള്ളിൽ ഭിന്നതകൾക്ക് കാരണമായേക്കാമെന്നും നിലവിൽ സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഭാവിയിൽ ഈ വിഷയത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത മാർപാപ്പ പൂർണമായി തള്ളിക്കളഞ്ഞില്ല. എന്നാൽ അത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ സമയവും സഭയ്ക്കുള്ളിലെ കൂട്ടായ ചർച്ചകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
