ഓട്ടവ : കാനഡ പോസ്റ്റ്- കനേഡിയന്‍ പോസ്റ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മധ്യസ്ഥ ചര്‍ച്ച ഒത്തുതീര്‍പ്പില്ലാതെ അവസാനിച്ചു. വാരാന്ത്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ കാനഡ പോസ്റ്റിന്റെ നിലവിലുള്ള അവസ്ഥ മനസിലാക്കുന്നില്ലെന്നും സമരവുമായി മുന്നോട്ട് പോകുകയാണെന്നും ക്രൗണ്‍ കോര്‍പ്പറേഷന്‍ പറയുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റ് വരുമാനം വര്‍ധിപ്പിക്കുന്നതിനും മറ്റ് കാരിയറുകളുമായി മത്സരിക്കുന്നതിനുമായി പാര്‍ട്ട് ടൈം സ്റ്റാഫിനെ ഉപയോഗിച്ച് വാരാന്ത്യത്തില്‍ തപാല്‍ വിതരണം നടത്തണമെന്ന് ക്രൗണ്‍ കോര്‍പ്പറേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ട് ടൈം, ഫുള്‍ ടൈം ജീവനക്കാരെ നിയോഗിക്കുന്നതിലൂടെ ചെലവ് കുറയുമെന്നും കാനഡ പോസ്റ്റ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കാനഡ പോസ്റ്റിന്റെ ഈ തീരുമാനം മുഴുവന്‍ സമയ ജോലിക്കാരെയും അവരുടെ തൊഴില്‍ സുരക്ഷയെയും ബാധിക്കുമെന്ന് യൂണിയന്‍ പറയുന്നു.
അതേസമയം, കാനഡ പോസ്റ്റ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും പരിശോധിക്കുന്ന ഫെഡറല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ഹിയറിങ്ങിലും ഇരുപക്ഷവും പങ്കെടുക്കും. കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡ് ഹിയറിങ്ങുകള്‍ മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും.
