വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാന്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായം മാറ്റിയെന്നും എന്നാല്‍ ഓക്സിജന്‍ നല്ക്കുന്നത് തുടരുമെന്നും മാര്‍പാപ്പയുടെ ഓഫീസ് അറിയിച്ചു.
”മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. അദ്ദേഹത്തിന് മെക്കാനിക്കല്‍ വെന്റിലേഷന് ഇനി ആവശ്യമില്ല, പകരം ഓക്സിജന്‍ മാത്രമേ ആവശ്യമായുള്ളൂ. അദ്ദേഹത്തിന് ഇപ്പോള്‍ പനി ഇല്ല.” – ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസങ്ങളില്‍ തന്നെ പരിചരിച്ചവരോടൊപ്പം മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതായും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മാര്‍പാപ്പ ഭക്ഷണം കഴിക്കുകയും രാത്രി സുഖമായി ഉറങ്ങുകയും ചെയ്തെന്നും ഓഫിസ് വ്യക്തമാക്കി.
ഫെബ്രുവരി 14 മുതല്‍ ശ്വാസകോശ അണുബാധ മൂലം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ 17 ദിവസം പിന്നിടുന്ന മാര്‍പാപ്പയെ ഇന്നലെ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പീയത്രോ പരോലിന്, ചീഫ് ഓഫ് സ്റ്റാഫ് ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പെനിയ പാറാ എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണു മാര്‍പാപ്പ വിശ്വാസികള്‍ക്കുള്ള ദര്‍ശനം ഒഴിവാക്കുന്നത്.
