Thursday, September 10, 2026

ഇ.ഡി ആക്രമണക്കേസ്: 28 പ്രതികൾക്കെതിരെ പിഎംഎൽഎ കേസും

തിരുവനന്തപുരം ∙ പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 28 പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കേസെടുത്ത് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡ് തടയാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തവർ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി .

വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിലവിൽ റജിസ്റ്റർ ചെയ്ത കേസുകൾക്കു പുറമേ പിഎംഎൽഎ പ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്താനാണ് കോടതിക്ക് അപേക്ഷ നൽകുന്നത്. ഈ കേസ് ഇ.ഡി അന്വേഷിക്കും.

കേസിൽ ആദ്യം അറസ്റ്റിലായ 26 പ്രതികൾക്കു പുറമേ, ലുക്ക്ഔട്ട് നോട്ടിസ് നൽകി കഴിഞ്ഞദിവസം ചെന്നൈയിൽനിന്ന് അറസ്റ്റിലായ സിപിഎം പ്രവർത്തകന്റെയും വന്ദേമാതരം ആലാപന വിവാദവുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണത്തിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകന്റെയും അറസ്റ്റ് ഇ.ഡി ആക്രമണക്കേസിലും റജിസ്റ്റർ ചെയ്തതോടെയാണ് പ്രതികളുടെ എണ്ണം 28 ആയത്.

ചെന്നൈയിൽനിന്ന് അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. ഇ.ഡി കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ ഐ.പി.ബിനു, നിതിൻ രാജ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ക്രിമിനൽ മിസലേനിയസ് പെറ്റിഷൻ (സിഎംപി) ഫയൽ ചെയ്തിട്ടുണ്ട്.

ഇ.ഡി ആക്രമണക്കേസിൽ പൊലീസ് 3 പ്രതികളിൽനിന്നു പിടിച്ചെടുത്ത 4 ഫോണുകളുടെ ഫൊറൻസിക് പരിശോധനയ്ക്ക് ഇവരുടെ ഫെയ്സ് റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ആവശ്യമായതിനാൽ അതിനുള്ള അപേക്ഷയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!