ഓട്ടവ : യുഎസുമായുള്ള വ്യാപാരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന് കാനഡയിലെ പ്രമുഖ ബാങ്കുകൾ. മാർച്ച് 12-നാണ് ബാങ്ക് ഓഫ് കാനഡ അടുത്ത പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. യുഎസ് താരിഫുകൾ നിലനിൽക്കുകയാണെങ്കിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഈ വർഷം തന്നെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഈ പ്രതിസന്ധിയെ നേരിടാൻ ബാങ്ക് ഓഫ് കാനഡ മാർച്ച് പന്ത്രണ്ടിന് പലിശനിരക്ക് രണ്ടു ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് മൺട്രിയോൾ പ്രവചിക്കുന്നു. മുൻ പ്രവചനങ്ങളെ മറികടന്ന് ബാങ്ക് ഓഫ് കാനഡ ഇരട്ടി പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിൻ്റെ ചീഫ് ഇക്കണോമിസ്റ്റും സാമ്പത്തിക ശാസ്ത്ര മാനേജിംഗ് ഡയറക്ടറുമായ ഡഗ്ലസ് പോർട്ടർ പറയുന്നു.

അതേസമയം താരിഫുകളില്ലാതെ, ബാങ്ക് ഓഫ് കാനഡ ക്രമേണ നിരക്ക് 2.25 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ, കൂടുതൽ താരിഫ് വർധന നടപ്പിൽ വന്നതോടെ നിരക്കുകൾ വേഗത്തിലും വലിയ തോതിലും കുറയാനുള്ള സാധ്യത കൂടുതലാണെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ ചീഫ് ഇക്കണോമിസ്റ്റ് ഫ്രാൻസിസ് ഡോണൾഡ് പറയുന്നു.

മിക്ക കനേഡിയൻ ഇറക്കുമതികൾക്കും 25% താരിഫ് ചുമത്തുന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് താരിഫ് ചുമത്തിയതിന് പിന്നാലെ ഉടനടി പ്രതികാര നടപടികളുമായി കാനഡ രംഗത്ത് എത്തി. 3000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. കൂടാതെ 21 ദിവസത്തിനുള്ളിൽ 12,500 കോടി ഡോളർ യുഎസ് ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി താരിഫ് വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.