ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഫെബ്രുവരിയിൽ നാലിലൊന്ന് കുറഞ്ഞതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ മാസം 4,037 വീടുകളാണ് നഗരത്തിൽ വിറ്റത്. 2024 ഫെബ്രുവരിയിലെ 5,562 വീടുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 27.4% ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വീടുകളുടെ വിൽപ്പനയിൽ 28.5% ഇടിവും ഉണ്ടായതായി ബോർഡ് റിപ്പോർട്ട് ചെയ്തു.

നഗരത്തിലെ ഒരു സാധാരണ വീടിന്‍റെ ശരാശരി വില വർഷം തോറും 1.8% കുറഞ്ഞ് 1,084,547 ഡോളറായി. കൂടാതെ ശരാശരി വിൽപ്പന വില മുൻ വർഷത്തെ അപേക്ഷിച്ച് 2.2% കുറവും രേഖപ്പെടുത്തി. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.4% വർധനയിൽ കഴിഞ്ഞ മാസം ജിടിഎയിൽ 12,066 പ്രോപ്പർട്ടികൾ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ മേഖലയിലെ മൊത്തം ഇൻവെൻ്ററി 76% ഉയർന്ന് 19,536 ആയി.