വാഷിംഗ്ടൺ : കാനഡ-യുഎസ്-മെക്‌സിക്കോ ഉടമ്പടിയിൽ ഉൾപ്പെടുന്ന ബിഗ് ത്രീ വാഹന നിർമ്മാതാക്കൾക്ക് ഒരു മാസത്തെ താരിഫ് ഇളവ് അനുവദിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്റ്റെല്ലാൻ്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്‌സ് എന്നീ വാഹനനിർമ്മാതാക്കൾക്കാണ് ഇളവ് ലഭിക്കുക. പരസ്പര താരിഫുകൾ ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചതിന് പിന്നാലെ വാഹനനിർമ്മാതാക്കൾ ഒരു മാസത്തെ ഇളവ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഈ ഏറ്റവും പുതിയ പ്രഖ്യാപനത്തിന് മുന്നോടിയായി, അതിർത്തി കടക്കുന്ന ഫെൻ്റനൈലിൻ്റെ അളവ് കുറയ്ക്കാനുള്ള കാനഡയുടെ ശ്രമങ്ങളിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. താരിഫുമായി ബന്ധപ്പെട്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബന്ധപ്പെട്ടിരുന്നതായി ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിർത്തി സുരക്ഷയിൽ പുരോഗതി ഉണ്ടായതായി ട്രൂഡോ വിശദീകരിച്ചെങ്കിലും പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെട്ടതായി തന്നെ ബോധ്യപ്പെടുത്തിയില്ലെന്ന് ട്രംപ് വിമർശിച്ചു. കാനഡയിലെ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വ്യക്തമാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. അധികാരത്തിൽ തുടരാൻ താരിഫ് പ്രശ്നത്തെ ട്രൂഡോ ഉപയോഗിക്കാൻ ശ്രമിക്കുന്നതായി ട്രംപ് ആരോപിച്ചു.