കാൽഗറി : വിമാനയാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ബാഗിന്‍റെ വലുപ്പത്തിൽ ഇളവുകൾ വരുത്തി വെസ്റ്റ്‌ജെറ്റ് എയർലൈൻ. മറ്റ് നോർത്ത് അമേരിക്കൻ എയർലൈനുകളും ലഗേജ് നിർമ്മാതാക്കളും സ്വീകരിക്കുന്ന പൊതുവായ രാജ്യാന്തര ക്യാബിൻ ബാഗേജ് അളവുകളുമായി ചേർന്ന് പോകുന്നതിനാണ് പുതിയ മാറ്റം നടപ്പിലാക്കുന്നതെന്ന് കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ പറയുന്നു. ഈ നീക്കം മൊത്തത്തിലുള്ള സ്റ്റവേജ് കപ്പാസിറ്റി വർധിപ്പിക്കുകയും ബിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വെസ്റ്റ്‌ജെറ്റ് എക്സ്പീരിയൻസ് മാനേജ്‌മെൻ്റ് വൈസ് പ്രസിഡൻ്റ് കോളിൻ ടൈനാൻ പറയുന്നു.

എത്ര വലിപ്പമുള്ള ഹാന്‍ഡ് ബാഗ് കൂടെ കരുതാമെന്ന കാര്യത്തിലും കൃത്യമായ നിര്‍ദേശമുണ്ട്. മെയ് 6 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം ഹാന്‍ഡ് ബാഗിന് പരമാവധി ഉയരം 56 സെൻ്റീമീറ്ററും നീളം 36 സെൻ്റീമീറ്ററും വീതി 22 സെൻ്റീമീറ്ററും ആയിരിക്കും. യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ പരമാവധി ക്യാരി-ഓൺ സൈസ് സ്വീകരിക്കാനുള്ള തീരുമാനമെന്ന് കോളിൻ ടൈനാൻ പറഞ്ഞു. വെസ്റ്റ്‌ജെറ്റ് സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലും മാർച്ച് 13-നകം പുതിയ ബാഗേജ് സൈസിങ് ഉപകരണങ്ങൾ എത്തിക്കും.