ഓട്ടവ : കൊളറാഡോ ന്യൂനമർദ്ദത്തെ തുടർന്ന് വാരാന്ത്യത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ഒൻ്റാരിയോയെയും തുടർന്ന് കിഴക്കൻ പ്രവിശ്യകളെയും ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ജെഫ് കോൾസൺ പ്രവചിക്കുന്നു. കൂടാതെ ഓട്ടവയിൽ ആഴ്‌ചാവസാനത്തോടെ ശക്തമായ കാറ്റ് വീശും. ഞായറാഴ്ചയോടെ കാറ്റ് 70 കി.മീ/മണിക്കൂർ വേഗം കൈവരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യതലസ്ഥാനത്ത് ശനിയാഴ്ചയോടെ ആരംഭിക്കുന്ന ചാറ്റൽ മഴ, ഞായറാഴ്ച ശക്തി പ്രാപിക്കും. ഓട്ടവ മേഖലയിൽ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴയാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. നഗരത്തിൻ്റെയും താഴ്‌വരയുടെയും ചില ഭാഗങ്ങളിൽ മഞ്ഞ് അടിഞ്ഞു കൂടി കിടക്കുന്നതിനാൽ പെയ്യുന്ന മഴവെള്ളം ആഗിരണം ചെയ്യാൻ കഴിയില്ലാത്തതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.