എഡ്മിന്‍റൻ : കുട്ടികളെ പ്രലോഭിപ്പിച്ച് അശ്ലീലചിത്രങ്ങൾ നിർമ്മിച്ച കേസിൽ മുൻ എഡ്മിന്‍റൻ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇപിഎസിലെ മുൻ സിവിലിയൻ ഉദ്യോഗസ്ഥനായ യാസിൻ സെറ്റിൻ (32) ആണ് അറസ്റ്റിലായത്. സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 2024 മെയ് 31-ന് സെറ്റിൻ ഇപിഎസിൽ നിന്ന് രാജിവച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ബാദ്‌ലീ എന്ന പേരിലാണ് യാസിൻ സെറ്റിൻ അറിയപ്പെട്ടിരുന്നത്. വിവിധ പ്രാദേശിക, ദേശീയ യുവജന സംരംഭങ്ങളിൽ സെറ്റിൻ സജീവമായി ഏർപ്പെട്ടിരുന്നതായും കൂടുതൽ കുട്ടികൾ ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ലൈംഗികാതിക്രമം, ലൈംഗിക ഇടപെടൽ, ലൈംഗിക സ്പർശനത്തിനുള്ള ക്ഷണം, 16 വയസ്സിന് താഴെയുള്ള കുട്ടിയെ വശീകരിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 780-423-4567 എന്ന നമ്പറിൽ ഇപിഎസുമായി ബന്ധപ്പെടണം.