പാരിസ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടനടി നടപ്പാക്കണമെന്ന ആഹ്വാനവുമായി ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍. ഇസ്രയേല്‍ സൈന്യം ഗസ്സ മേഖലയില്‍ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. ജനുവരി 19 ലെ വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള ശാന്തതയെ തകര്‍ത്തുകൊണ്ടാണ് പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം നടക്കുന്നത്.

ഗസ്സയിലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണെന്നുംഅത് കണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിലേക്ക് ഉടന്‍ മടങ്ങണമെന്ന് അടിയന്തരമായി ആവശ്യപ്പെടുന്നതായും മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ജര്‍മനിയുടെ അന്നലീന ബെയര്‍ബോക്ക്, ഫ്രാന്‍സിന്റെ ജീന്‍-നോയല്‍ ബാരോട്ട്, ബ്രിട്ടന്റെ ഡേവിഡ് ലാമി എന്നീ മന്ത്രിമാരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പിലാക്കുകയും സ്ഥിരമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ വീണ്ടും ഏര്‍പ്പെടാനും തീരുമാനമായി. പലസ്തീന്‍ പ്രദേശത്ത് അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണം. ഹമാസ് ഇനി ഗസ്സ ഭരിക്കാനോ ഇസ്രയേലിന് ഭീഷണിയാകാനോ പാടില്ലെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യാന്തര നിയമം പൂര്‍ണമായും മാനിക്കണം എന്നും വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപെട്ടു.
ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇന്നലെ ഉത്തരവിറക്കിയിരുന്നു. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നായിരുന്നു വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.