ന്യൂയോര്‍ക്ക്: ഹമാസ് ബന്ധമുണ്ടെന്ന് ആരോപിച്ച് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ ഗവേഷകനായ ബദര്‍ ഖാന്‍ സൂരിയെ അറസ്റ്റ് ചെയ്ത് നാടുകടത്തണമെന്ന ആവശ്യം തടഞ്ഞ് യുഎസ് ജില്ലാ കോടതി.കോടതിയില്‍ നിന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സൂരിയെ അമേരിക്കയില്‍ നിന്ന് പുറത്താക്കരുതെന്ന്’ വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

കേസിന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (ACLU) പിന്തുണയും ലഭിച്ചു.കൂടാതെ നാടുകടത്തല്‍ അവസാനിപ്പിക്കാന്‍ അടിയന്തര പ്രമേയം ഫയല്‍ ചെയ്തു. അതേസമയം സൂരിയെ ലൂസിയാനയില്‍ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു.
കുടുംബത്തോടൊപ്പം കഴിയുന്ന ഒരാളെ തട്ടിക്കൊണ്ട് പോയി അവരുടെ ഇമിഗ്രേഷന്‍ പദവി എടുത്ത് കളഞ്ഞതും രാഷ്ട്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അയാളെ തടങ്കലില്‍ വെച്ചതും എതിര്‍പ്പിനെ നിശബ്ദമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ വ്യക്തമായ ശ്രമമാണ്. അത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്’ എന്ന് ACLU കുടിയേറ്റ അവകാശ അഭിഭാഷക സോഫിയ ഗ്രെഗ് പറഞ്ഞതായി AFPയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണിച്ചാണ്
ഗവേഷകനായ ഇന്ത്യന്‍ വംശജനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.