ലണ്ടൻ : ട്രംപ് ഭരണകൂടത്തിൻ്റെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള പുതിയ നയങ്ങൾ കാരണം അതിർത്തിയിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന ആശങ്കയിൽ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങൾ. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമെ കാനഡയും തങ്ങളുടെ പൗരന്മാർക്ക് യാത്രാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റതുമുതൽ, അതിർത്തി നയം ശക്തമാക്കുകയും വീസ നടപടികൾ കർശനമാക്കുകയും രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
യുണൈറ്റഡ് കിംഗ്ഡം
പൗരന്മാർ യുഎസിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണമെന്ന് യുകെ സർക്കാർ നിർദ്ദേശിച്ചു. നിയമങ്ങൾ ലംഘിച്ചാൽ അവരെ അറസ്റ്റുചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജർമ്മനി
വീസയോ എൻട്രി ഒഴിവാക്കലോ തങ്ങളുടെ പൗരന്മാർക്ക് പ്രവേശനം ഉറപ്പ് നൽകുന്നില്ലെന്ന് ജർമ്മനി അതിൻ്റെ യാത്രാ ഉപദേശത്തിൽ പറയുന്നു. അതിർത്തിയിൽ നിരവധി പൗരന്മാർ തടവിലായതിനെത്തുടർന്ന് ജർമ്മനി തങ്ങളുടെ യാത്രാ ഉപദേശം പുതുക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഡെൻമാർക്ക്
ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുള്ള ട്രംപിൻ്റെ നയങ്ങൾ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ട്രാൻസ്‌ജെൻഡർ പൗരന്മാർ അമേരിക്ക സന്ദർശിക്കുന്നതിന് മുമ്പ് കോപ്പൻഹേഗനിലെ യുഎസ് എംബസിയുമായി ബന്ധപ്പെടണമെന്ന് ഡെന്മാർക്ക് ഉപദേശിക്കുന്നു.

ഫിൻലാൻഡ്
ആൺ-പെൺ ലിംഗങ്ങളെ മാത്രമേ രാജ്യം അംഗീകരിക്കൂ എന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെ, യുഎസിലേക്കുള്ള യാത്രയെക്കുറിച്ച് ഡെൻമാർക്കിന് സമാനമായ മുന്നറിയിപ്പ് ഫിൻലൻഡ് നൽകിയിട്ടുണ്ട്.
കാനഡ
30 ദിവസത്തിൽ കൂടുതൽ യുഎസ് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാരും മറ്റ് വിദേശ പൗരന്മാരും യു.എസ് ഗവൺമെൻ്റിൽ രജിസ്റ്റർ ചെയ്യേണ്ടതിനാൽ, യു.എസ് സന്ദർശിക്കുന്നവർവർക്ക് മുന്നയിരിപ്പ് നൽകി കനേഡിയൻ സർക്കാർ. കൂടുതൽ വിവരങ്ങൾക്ക് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. യുഎസ് കസ്റ്റംസ് ബോർഡർ പ്രൊട്ടക്ഷൻ വെബ്‌സൈറ്റിൽ അവരുടെ I-94 അഡ്മിഷൻ ഫോം നോക്കി കനേഡിയൻ നിവാസികൾക്ക് സ്വയമേവ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയോ പ്രോസിക്യൂഷനോ കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു.