ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തതോടെ വൻ വാഗ്ദാനവുമായി കൺസർവേറ്റീവ് പാർട്ടി രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ടാൽ ആദായനികുതി പരിധി വെട്ടിക്കുറയ്ക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ ആദായനികുതി പരിധി 15 ശതമാനത്തിൽ നിന്ന് 12.75 ശതമാനമായി താഴ്ത്തുമെന്ന് ഒൻ്റാരിയോ ബ്രാംപ്ടണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അദ്ദേഹം അറിയിച്ചു. ഫെഡറൽ ഗവൺമെൻ്റ് ബ്യൂറോക്രസിയെ വെട്ടിച്ചുരുക്കി ഇതിന് ധനസഹായം നൽകുമെന്നും പിയേർ പറയുന്നു. ആദായനികുതി പരിധി കുറയ്ക്കുന്നതിലൂടെ ഇരട്ട വരുമാനമുള്ള കുടുംബത്തിന് പ്രതിവർഷം 1800 ഡോളർ ലഭിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 57,000 ഡോളർ സമ്പാദിക്കുന്ന ഒരു കനേഡിയൻ പൗരന് ആദായനികുതിയിൽ 15% കുറവ് വരുത്തുമെന്നും ഇതിലൂടെ ഏകദേശം 900 ഡോളർ ലാഭിക്കുമെന്നും കൺസർവേറ്റീവ് ലീഡർ അറിയിച്ചു.

ലിബറൽ ലീഡർ മാർക്ക് കാർണി, ആദായനികുതി പരിധി ഒരു ശതമാനം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് പിയേർ പൊളിയേവിന്‍റെ പ്രഖ്യാപനം. ആദായനികുതി വെട്ടിക്കുറയ്ക്കുന്നതിലൂടെ ഇരട്ട വരുമാനമുള്ള കുടുംബത്തിന് പ്രതിവർഷം 825 ഡോളർ വരെ ലഭിക്കാൻ സാധിക്കുമെന്ന് മാർക്ക് കാർണി പറയുന്നു. അമേരിക്കൻ താരിഫുകളുടെ ആഘാതം നേരിടാൻ ഈ നടപടികൾ സഹായിക്കുമെന്ന് ഇരുവരും പറയുന്നു.