ടൊറൻ്റോ : രാജ്യത്തെ ഏറ്റവും വലിയ നഗരപ്രദേശമായ ടൊറൻ്റോയിൽ ചുവടുറപ്പിച്ച് ലിബറൽ പാർട്ടി ഓഫ് കാനഡ. മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരത്തിനൊരുങ്ങുന്ന ലിബറൽ പാർട്ടിയെ ടൊറൻ്റോ നിവാസികൾ ശക്തമായി അനുകൂലിക്കുന്നതായി പുതിയ ലെഗർ സർവേ. ലിബറലുകൾക്കും കൺസർവേറ്റീവുകൾക്കും വിജയത്തിലേക്കുള്ള പാതയിൽ ടൊറൻ്റോ റൈഡിങ് നിർണ്ണായകമാകുമെന്നതിനാൽ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല വാർത്തയല്ല.

ലിബറലുകളും കൺസർവേറ്റീവുകളും തമ്മിലുള്ള മത്സരം കടുക്കുന്നതായി ദേശീയ വോട്ടെടുപ്പ് സൂചിപ്പിക്കുമ്പോളും ടൊറൻ്റോ നിവാസികളിൽ പകുതി പേരും ലിബറലുകൾക്ക് വോട്ട് ചെയ്യുമെന്ന് ലെഗർ സർവേ പറയുന്നു. അതേസമയം കൺസർവേറ്റീവുകൾക്ക് 31% വോട്ടർമാരുടെ പിന്തുണയാണ് സർവേ പ്രവചിക്കുന്നത്. എൻഡിപിക്ക് 14% പിന്തുണയും ലഭിക്കും. ഗ്രീൻസ് പാർട്ടിക്ക് മൂന്ന് ശതമാനവും പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനവും പിന്തുണ ലഭിക്കുമെന്ന് സർവേയിൽ പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 47% ടൊറൻ്റോ നിവാസികൾ മാർക്ക് കാർണിയെ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി പാദത്തിലേക്ക് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവിന് 35% ജനങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ പകുതിയിൽ അധികം സ്ത്രീകളും (52 ശതമാനം) കാർണിയെ അനുകൂലിക്കുന്നു.

ടൊറൻ്റോയിൽ മേൽകൈ നേടുന്ന പാർട്ടി രാജ്യം ഭരിക്കുമെന്ന് ടൊറൻ്റോ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ നെൽസൺ വൈസ്മാൻ പറയുന്നു. ആ പ്രദേശം പ്രധാനമായും ലിബറൽ ആണെങ്കിൽ, നിങ്ങൾക്ക് ഒരു ലിബറൽ ഫെഡറൽ ഗവൺമെൻ്റ് ലഭിക്കും. അത് പ്രധാനമായും കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമെങ്കിൽ, നിങ്ങൾക്ക് ഒരു കൺസർവേറ്റീവ് ഫെഡറൽ ഗവൺമെൻ്റ് ലഭിക്കും, നെൽസൺ വൈസ്മാൻ വ്യക്തമാക്കി.