ടൊറൻ്റോ : വരുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതായി ടൊറൻ്റോ സിറ്റി കൗൺസിലർ ജെന്നിഫർ മക്കെൽവി. സ്കാർബ്റോ-റൂജ് പാർക്ക് മുനിസിപ്പൽ കൗൺസിലറായ ജെന്നിഫർ മക്കെൽവി എയ്ജാക്സ് റൈഡിങ്ങിലായിരിക്കും മത്സരിക്കുക എന്നും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി ഏപ്രിൽ 28-ന് ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ ആരോഗ്യമന്ത്രിയായിരുന്ന മാർക്ക് ഹോളണ്ടാണ് എയ്ജാക്സ് റൈഡിങ്ങിലെ എംപി. ലിബറൽ നേതൃത്വമത്സരത്തിൽ മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ പിന്തുണച്ചതോടെ കാബിനറ്റ് ഷഫിളിൽ മാർക്ക് കാർണി, മാർക്ക് ഹോളണ്ടിനെ തഴഞ്ഞിരുന്നു.

2018-ൽ ആദ്യമായി സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫർ മക്കെൽവി 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023 ഫെബ്രുവരി മുതൽ ജൂലൈ വരെ മുൻ മേയർ ജോൺ ടോറി ഒഴിഞ്ഞതോടെ ജെന്നിഫർ മക്കെൽവി ഡെപ്യൂട്ടി മേയറായും സേവനമനുഷ്ഠിച്ചിരുന്നു.