റെജൈന : റെജൈന കോ-ഓപ് റിഫൈനറി കോംപ്ലക്‌സിൽ (സിആർസി) സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരുക്കേറ്റതായി റെജൈന ഫയർ ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു. റിഫൈനറിയുടെ ഇൻ-ഹൗസ് ഫയർ ടീം സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. റിഫൈനറിയുടെ സെക്ഷൻ മൂന്നിലെ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്ന് സിആർസി പ്രസ്താവന പുറത്തിറക്കി. റിഫൈനറി ലൈനുകളിലൊന്നിലെ ഉൽപ്പന്നത്തിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് റെജൈന ഫയർ ഡെപ്യൂട്ടി ചീഫ് ഗ്ലെൻ വാഗ്നർ റിപ്പോർട്ട് ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇതാദ്യമായല്ല റിഫൈനറിയിൽ തീപിടുത്തവും സ്‌ഫോടനവും ഉണ്ടാകുന്നത്. 2020-ൽ റിഫൈനറിയിൽ തീപിടിത്തമുണ്ടായിരുന്നു. കൂടാതെ 2013-ൽ ക്രിസ്‌മസ് രാവിൽ സ്‌ഫോടനവും ഉണ്ടായി.