എഡ്മിന്‍റൻ : അവസരത്തിനൊത്ത് കാലുമാറി എൻഡിപി എംഎൽഎ റോഡ്രിഗോ ലയോള. ദീർഘകാലമായി ആൽബർട്ട എൻഡിപി എംഎൽഎ ആയിരുന്ന റോഡ്രിഗോ ലയോള ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എഡ്മിന്‍റൻ ഗേറ്റ്‌വേ റൈഡിങ്ങിൽ നിന്നുമായിരിക്കും തൻ്റെ പ്രവിശ്യാ സീറ്റ് ഇന്നലെ ഔദ്യോഗികമായി രാജിവെച്ച റോഡ്രിഗോ ലയോള മത്സരിക്കുക.

കാനഡയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിലൊന്നാണ് ഈ ഫെഡറൽ തിരഞ്ഞെടുപ്പെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ പരാമർശിച്ച് ലൊയോള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശക്തവും സുസ്ഥിരവും നീതിയുക്തവുമായ ഒരു കാനഡ കെട്ടിപ്പടുക്കാൻ ഇപ്പോൾ വേണ്ടത് മാർക്ക് കാർണിയും ഒരു ലിബറൽ ഗവൺമെൻ്റുമാണ്, അദ്ദേഹം വ്യക്തമാക്കി. 2015, 2019, 2023 വർഷങ്ങളിൽ എഡ്മിന്‍റൻ എല്ലേഴ്‌സ്‌ലി റൈഡിങ്ങിൽ നിന്നും വിജയിച്ച് പ്രവിശ്യ നിയമസഭയിൽ എത്തിയ റോഡ്രിഗോയുടെ രാജിയോടെ 2023 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷം മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്.