വാഷിംഗ്ടൺ ഡി സി : യുഎസിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25% താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏപ്രിൽ 2 മുതൽ താരിഫ് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം വിദേശ നിർമ്മിത കാറുകൾക്കും ലൈറ്റ് ട്രക്കുകൾക്കും താരിഫ് ബാധകമായിരിക്കും.

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തെ താരിഫുകൾ സാരമായി ബാധിക്കും. അതേസമയം ആദ്യ ട്രംപ് ഭരണകൂടത്തിൻ്റെ കാലത്ത് ചർച്ചചെയ്ത കാനഡ-യുഎസ്-മെക്സിക്കോ ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം നിർമ്മിച്ച വാഹനങ്ങൾക്ക് താരിഫുകൾ എങ്ങനെ ബാധകമാകുമെന്നും വ്യക്തമല്ല. വിവിധ രാജ്യങ്ങളുമായി വ്യാപാരയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയിൽ ഓട്ടോമൊബൈൽ മേഖലയിൽ വ്യവസായ-നിർദ്ദിഷ്ട തീരുവകൾ നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ വ്യാപാര യുദ്ധം വിപണിയിലും ഓട്ടോമൊബൈൽ മേഖലയിലും അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. അതേസമയം പുതിയ താരിഫ് ആശയക്കുഴപ്പമുണ്ടാക്കുന്നതും ദോഷകരവുമാണെന്ന് ഓട്ടോമോട്ടീവ് പാർട്‌സ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ഫ്ലാവിയോ വോൾപ്പ് പറയുന്നു.