വൻകൂവർ : വിവാദ താരിഫ് പ്രതിരോധ ബില്ലിൻ്റെ പ്രധാന ഭാഗം പിൻവലിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. കാനഡ-യുഎസ് താരിഫ് യുദ്ധത്തിനിടയിൽ, വിദേശ സാമ്പത്തിക ഭീഷണിയെ നേരിടാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ബിൽ 7 എന്നറിയപ്പെടുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം. നിയമസഭയിൽ ചർച്ച ആവശ്യമില്ലാതെ പ്രവിശ്യാ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനെ അനുവദിക്കുന്നതായിരുന്നു ബിൽ 7.

ബിൽ 7-ൻ്റെ ഭാഗം 4 പിൻവലിക്കുമെങ്കിലും വരും മാസങ്ങളിൽ അതിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഒറ്റപ്പെട്ട നിയമമായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. ഈ മാസം ആദ്യം അവതരിപ്പിച്ച ബില്ലിൻ്റെ ഭാഗമായി, ബ്രിട്ടിഷ് കൊളംബിയ വഴി സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ ട്രക്കുകൾക്ക് നികുതി ചുമത്താൻ എബി നിർദ്ദേശിച്ചിരുന്നു. കൂടാതെ അലാസ്കയിലേക്കുള്ള യാത്രയിൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫുകൾക്ക് മറുപടിയായി ആഭ്യന്തര വിതരണക്കാർക്ക് അനുകൂലമായി എല്ലാ പൊതുമേഖലാ സംഭരണത്തിനും നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, കാനഡയിൽ മറ്റെവിടെയെങ്കിലും ഉൽപ്പാദിപ്പിക്കുന്നതോ വളർത്തുന്നതോ ആയ ഉൽപ്പന്നങ്ങൾ ബ്രിട്ടിഷ് കൊളംബിയയിൽ വിൽക്കാൻ അനുവദിച്ചുകൊണ്ട് പ്രവിശ്യകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കാനും ബിൽ ശ്രമിക്കും. നിയമത്തിൻ്റെ ആ ഭാഗവും അതേപടി നിലനിർത്തിയിട്ടുണ്ട്.