മൺട്രിയോൾ : കെബെക്ക് ലിബറൽ പാർട്ടിയുടെ (PLQ) നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് മുൻ റോബർവാൾ എംഎൻഎ കാൾ ബ്ലാക്ക്ബേൺ. ഇതുസംബന്ധിച്ച് തിങ്കളാഴ്ച കെബെക്ക് സിറ്റിയിൽ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മത്സരിക്കുന്നതിനായി കോൺസെയിൽ ഡു പാട്രോണറ്റ് ഡു കെബെക്ക് പ്രസിഡൻ്റ്-സിഇഒ സ്ഥാനവും രാജിവെച്ചതായും കാൾ ബ്ലാക്ക്ബേൺ പറഞ്ഞു. 2003 മുതൽ 2007 വരെ റോബർവാളിൻ്റെ ലിബറൽ എംഎൻഎ ആയിരുന്നു ബ്ലാക്ക്ബേൺ. കൂടാതെ PLQ ൻ്റെ ചീഫ് ഓർഗനൈസർ ആയും ഡയറക്ടർ ജനറലായും പ്രവർത്തിച്ചു.

മുൻ കെബെക്ക് ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ഫെഡറേഷൻ സിഇഒ ചാൾസ് മില്ലാർഡ്, മുൻ ഫെഡറൽ മന്ത്രി പാബ്ലോ റോഡ്രിഗസ്, അഭിഭാഷകൻ മാർക്ക് ബെലാംഗർ, മരിയോ റോയ് എന്നിവർ ഇതിനകം തന്നെ മത്സരരംഗത്തുണ്ട്. പാർട്ടി ആവശ്യപ്പെടുന്ന നിബന്ധനകൾ പാലിക്കാൻ സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 11 വരെ സമയമുണ്ട്. 40,000 ഡോളർ നിക്ഷേപവും 350 പുതിയ അംഗങ്ങൾ ഉൾപ്പെടെ 750 അംഗങ്ങളുടെ ഒപ്പുകളും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംവാദങ്ങൾ നടക്കും. അതിൽ ആദ്യത്തേത് ഏപ്രിൽ 27 ന് ഗാറ്റിനോവിൽ നടക്കും. ജൂൺ 14-ന് കെബെക്ക് സിറ്റിയിൽ നടക്കുന്ന കൺവെൻഷൻ്റെ അവസാനം PLQ അതിൻ്റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും.