ഓട്ടവ : യുഎസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, പല കനേഡിയൻ പൗരന്മാരും അമേരിക്കയിലേക്കുള്ള യാത്രാപദ്ധതികൾ പുനഃപരിശോധിക്കുന്നതായി റിപ്പോർട്ട്. കാനഡക്കാരുടെ ജനപ്രിയവും വിശ്വസനീയവുമായ ലക്ഷ്യസ്ഥാനമായിരുന്ന യുഎസിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിൽ കുത്തനെ ഇടിവ് നേരിട്ടതായി ട്രാവൽ ഡാറ്റാ സ്ഥാപനമായ OAG-യുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഫ്ലൈറ്റ് ബുക്കിങ്ങിൽ 70% കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി OAG പറയുന്നു. ഇതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാനഡ-യുഎസ് എയർലൈനുകളെ സാരമായി ബാധിക്കുമെന്ന് OAG പ്രവചിക്കുന്നു. വിമാന യാത്രയുടെയും അതിർത്തി കടന്നുള്ള കരയാത്രയുടെയും കാര്യത്തിൽ അടുത്ത കുറച്ച് മാസങ്ങൾ കനത്ത ഇടിവ് ഉണ്ടാകുമെന്ന് ടൊറൻ്റോ ആസ്ഥാനമായുള്ള യാത്രാ വിദഗ്ധൻ ബാരി ചോയിയും പറയുന്നു. അതേസമയം കാനഡയിലെ ഏറ്റവും വലിയ എയർലൈനുകളായ എയർ ട്രാൻസാറ്റും എയർ കാനഡയും മോണിറ്ററിങ് പാറ്റേണുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഈ എയർലൈനുകൾ ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ കാര്യമായ ഷെഡ്യൂൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.