ഓട്ടവ : ഏപ്രിലിൽ വസന്തകാലം പൂവിടുമ്പോൾ, കാനഡ റവന്യൂ ഏജൻസിയിൽ (CRA) നിന്നുള്ള സാമ്പത്തിക സഹായത്തിനായി കാത്തിരിക്കുന്ന കനേഡിയൻ പൗരന്മാർക്ക് സന്തോഷിക്കാം. 5 പുതിയ CRA ബെനിഫിറ്റ് പേയ്മെൻ്റുകളാണ് ഏജൻസി ഏപ്രിലിൽ വിതരണം ചെയ്യുന്നത്. ഈ വരാനിരിക്കുന്ന ആനുകൂല്യ പേയ്മെൻ്റുകളിലൂടെ കുടുംബങ്ങൾ, വിരമിച്ചവർ, പുതുമുഖങ്ങൾ, താത്കാലിക താമസക്കാർ എന്നിവർക്ക് വർധിച്ചു വരുന്ന ചെലവുകളുടെ ഭാരം ലഘൂകരിക്കാൻ സാധിക്കും. മാതാപിതാക്കൾക്കുള്ള നികുതി രഹിത പണം മുതൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള റിബേറ്റുകൾ വരെ, ഏപ്രിലിൽ പുറത്തിറങ്ങുന്ന അഞ്ച് പ്രധാന CRA ആനുകൂല്യങ്ങൾ ഇതാ :
കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)
18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിനുള്ള, അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ഏപ്രിൽ 17-നായിരിക്കും കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ചെയ്യുക.

- 6 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പ്രതിവർഷം 7,786.92 ഡോളർ ($648.91/മാസം) വരെ.
- 6-17 വയസ് പ്രായമുള്ള ഒരു കുട്ടിക്ക് പ്രതിവർഷം 6,570 ഡോളർ വരെ ($547.50/മാസം).
GST/HST ക്രെഡിറ്റ്
നികുതി രഹിത ത്രൈമാസ പേയ്മെന്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. അവിവാഹിതർക്ക് 519 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 680 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുക. 2024-ൽ ഫയൽ ചെയ്ത നികുതിയെ അടിസ്ഥാനമാക്കിയാണ് നിലവിലെ തുക കണക്കാക്കിയിരിക്കുന്നത്. ഏപ്രിൽ 4-ന് GST/HST ക്രെഡിറ്റ് യോഗ്യരായ ഓരോ കനേഡിയൻ പൗരന്മാർക്കും ലഭിക്കും. അടുത്ത പേയ്മെൻ്റുകൾ ജൂലൈ 5-നും ഒക്ടോബർ 3-നും വിതരണം ചെയ്യും.
കാനഡ കാർബൺ റിബേറ്റ് (CCR)
ഫെഡറൽ മലിനീകരണ വിലനിർണ്ണയവുമായി ബന്ധപ്പെട്ട ചെലവുകൾ നികത്തുന്നതിന് വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത നികുതി രഹിത പേയ്മെൻ്റാണ് മുമ്പ് ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്മെൻ്റ് എന്ന് അറിയപ്പെട്ടിരുന്ന കാനഡ കാർബൺ റിബേറ്റ് (CCR). പ്രധാനമന്ത്രി മാർക്ക് കാർണി ഏപ്രിൽ 1 മുതൽ ഫെഡറൽ കൺസ്യൂമർ കാർബൺ നികുതി ഒഴിവാക്കിയതോടെ ഇത് അവസാനത്തെ പേഔട്ട് ആയിരിക്കും. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്ക് ക്ലൈമറ്റ് ആക്ഷൻ ഇൻസെന്റീവ് പേയ്മെൻ്റിന് അർഹതയുണ്ട്.

ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB)
ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ്, ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ്, നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് എന്നീ മൂന്ന് ക്രെഡിറ്റുകൾ ഉൾപ്പെടുന്നതാണ്. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക. സാധാരണയായി, ഓരോ മാസവും പത്താം തീയതിയാണ് പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നത്. ഏപ്രിൽ 10-ന് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് വിതരണം ചെയ്യും.
കാനഡ പെൻഷൻ പ്ലാൻ (CPP)
വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്. ഏപ്രിൽ 28, മെയ് 28, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 29, നവംബർ 26, ഡിസംബർ 22 എന്നിവയാണ് വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ.