ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കാനഡയിൽ ചില കപ്പ് നൂഡിൽസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. നിസിൻ ബ്രാൻഡ് ബിഗ് കപ്പ് നൂഡിൽ, ബിഗ് കപ്പ് നൂഡിൽ കറി ഫ്ലേവർ എന്നിവയാണ് തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ.

ബിഗ് കപ്പ് നൂഡിൽസിൽ ചെമ്മീനും കറി ഫ്ലേവർ ഉൽപന്നത്തിൽ നിലക്കടലയും അടങ്ങിയിട്ടുണ്ടെന്നും ഇവ ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. 101 ഗ്രാം പാക്കറ്റിലുള്ള ബിഗ് കപ്പ് നൂഡിൽസും 120 ഗ്രാം പാക്കറ്റിലുള്ള ബിഗ് കപ്പ് നൂഡിൽ കറി ഫ്ലേവറും ഓൺലൈൻ വഴി ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, സസ്കാച്വാൻ എന്നീ പ്രവിശ്യകളിൽ വിറ്റഴിച്ചതായി സിഎഫ്ഐഎ അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇവയുടെ വിൽപ്പനയും വിതരണവും നിരോധിച്ചതായും ഏജൻസി പറഞ്ഞു.