ടൊറൻ്റോ : ഹിമ കൊടുംങ്കാറ്റ് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ആഞ്ഞടിച്ചതോടെ പതിനായിരക്കണക്കിന് ഒൻ്റാരിയോ നിവാസികൾ ഇരുട്ടിലായി. ടോബർമോറി, പാരി സൗണ്ട് മുതൽ പീറ്റർബറോ വരെയുള്ള കോട്ടേജ് കൗണ്ടി കേന്ദ്രീകരിച്ചുള്ള തകരാറുകൾ കാരണം ശനിയാഴ്ച ഏകദേശം 50,000 ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നതായി ഹൈഡ്രോ വൺ അറിയിച്ചു. വൈദ്യുതി തടസ്സത്തെ തുടർന്ന് ടൊറൻ്റോ പബ്ലിക് ലൈബ്രറി അടച്ചു. ശക്തമായ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും കൂടിച്ചേർന്നപ്പോൾ മരക്കൊമ്പുകൾ ഒടിഞ്ഞു വീണത് വൈദ്യുതി മുടക്കത്തിന് കാരണമായി ഹൈഡ്രോ വൺ ചൂണ്ടിക്കാണിക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വരും ദിവസങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

മധ്യ, തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങൾ ഇതിനകം തന്നെ ബാധിച്ച ഹിമ കൊടുംങ്കാറ്റ്, ഞായറാഴ്ച ഓട്ടവയിലേക്കും മൺട്രിയോളിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടേജ് കൗണ്ടിയിലെ ഒറിലിയയിൽ, 25 മില്ലിമീറ്റർ വരെ മഞ്ഞ് അടിഞ്ഞുകൂടുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് പറയുന്നു.