ടൊറൻ്റോ : പ്രവിശ്യയിലെ തൊഴിലാളികളുടെ മിനിമം വേതനം ഒക്ടോബർ ഒന്ന് മുതൽ വർധിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ മിനിമം വേതനം മണിക്കൂറിന് 17.20 ഡോളറിൽ നിന്ന് 17.60 ഡോളറായി ഉയരും. ഇതോടെ പ്രവിശ്യയുടെ മിനിമം വേതനം കാനഡയിലെ രണ്ടാമത്തെ ഉയർന്ന പ്രവിശ്യാ നിരക്കിലേക്കിലെത്തും. 2.4% ഒൻ്റാരിയോ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയാണ് വാർഷിക വേതന വർധനയെന്ന് സർക്കാർ വക്താവ് പറഞ്ഞു.

പുതിയ നിരക്ക് വർധനയോടെ പൊതു മിനിമം വേതനം ലഭിക്കുകയും ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ജീവനക്കാരന് 835 ഡോളർ വരെ വാർഷിക ശമ്പള വർധന ഉണ്ടാകുമെന്ന് തൊഴിൽ, കുടിയേറ്റ മന്ത്രി ഡേവിഡ് പിക്കിനി അറിയിച്ചു. ഒൻ്റാരിയോയിലെ മിനിമം വേതനം 2018-ലെ 14 ഡോളറിൽ നിന്ന് 2025-ലെത്തുമ്പോൾ 17.60 ഡോളർ ആയി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.