ഓട്ടവ : യുഎസിൽ നിന്ന് ഫോർട്ട് എറി ഇൻ്റർനാഷണൽ റെയിൽവേ പാലത്തിലൂടെ അനധികൃതമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ക്യൂബൻ പൗരൻ അറസ്റ്റിലായി. മാർച്ച് പകുതിയോടെയാണ് സംഭവമെന്നും ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇയാളെ പിടികൂടിയതായും ആർസിഎംപി വ്യാഴാഴ്ച അറിയിച്ചു. ഫോർട്ട് എറിയിലെ പീസ് ബ്രിഡ്ജ് പോർട്ട് ഓഫ് എൻട്രിയിലെ കാനഡ ബോർഡർ സർവീസസ് ഏജൻസിയിൽ എത്തിയ ക്യൂബൻ പൗരനെ കാനഡയിൽ പ്രവേശിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയതോടെ യുഎസിലേക്ക് തിരിച്ചയച്ചു.

ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം നിർദ്ദേശിച്ച മയക്കുമരുന്ന് കടത്തിനെയും അനധികൃത കുടിയേറ്റത്തെയും കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്ക് മറുപടിയായി കാനഡ അതിർത്തി സുരക്ഷ ശക്തമാക്കിയിരുന്നു. ഇതോടെ കാനഡ-യുഎസ് അതിർത്തികളിൽ നിന്നും കൂടുതൽ അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റിലേക്ക് നയിച്ചു. ഫോർട്ട് എറി ഇൻ്റർനാഷണൽ റെയിൽവേ പാലം അനധികൃത കുടിയേറ്റത്തിന്‍റെ പ്രധാന കേന്ദ്രമായി തുടരുകയാണെന്ന് RCMP പറയുന്നു. ഈ പ്രദേശത്ത് കൂടി നടന്ന നിരവധി അനധികൃത കുടിയേറ്റക്കാരെ തടയുകയും അവരെ യുഎസിലേക്ക് മടക്കി അയച്ചതായും അധികൃതർ അറിയിച്ചു.